ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1963 വരെ ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകള്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു പ്രദേശമായിരുന്നു കടമക്കുടി. 1963 ഡിസംബര്‍ 28 ന് പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായുള്ള ആദ്യത്തെ കടമക്കുടി പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതോടെ ദ്വീപുകാരുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതി കണ്ടു തുടങ്ങി. നീണ്ട 16 വര്‍ഷക്കാലം നാടിന്റെ വികസനത്തിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പഞ്ചായത്തിലെ വിവിധ ദ്വീപുകളിലെ നിസ്വാര്‍ത്ഥരായ ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകരും അവരോടൊപ്പം സഹകരിച്ചു. ഗതാഗതം, വൈദ്യൂതി, ജലവിതരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിസ്ഥാനശിലകള്‍ പാകിയത് ഈ ജനകീയ പങ്കാളിത്തവും കൂട്ടായ്മയുമാണ്. പഞ്ചായത്തിന് സ്വന്തമായൊരു ഓഫീസ് കെട്ടിടവും സ്ഥിരവരൂമാനത്തിന് 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഫിഷിംഗ് ബണ്ടും നിര്‍മ്മിക്കുന്നത് ഇക്കാലത്താണ്. പഞ്ചായത്തിലെ ഇന്നു കാണുന്ന കേന്ദ്ര ഗ്രന്ഥശാല സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. കുടിവെള്ളം, ആശുപത്രി മുതലായ ദ്വീപുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 1972-73 കാലഘട്ടത്തില്‍ എല്‍.ഐ.സി.യുടെ സഹായത്തോടെ പച്ചാളത്തു നിന്നും ജലവിതരണ പൈപ്പുകള്‍ വഴി പഞ്ചായത്തിലെ എല്ലാ ദ്വീപിലും കുടിവെള്ളമെത്തിക്കുവാന്‍ സാധിച്ചു. നാട്ടുകാരുടെ പരിശ്രമഫലമായി 1 ഏക്കര്‍ 15 സെന്റ് സ്ഥലം വാങ്ങി അതില്‍ 20 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കുവാന്‍ വേണ്ട സൌകര്യങ്ങളോടുകൂടി പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിച്ചു. വലിയ കടമക്കുടിയില്‍ ഗവണ്‍മെന്റ് ആയൂര്‍വ്വേദ ആശുപത്രിയുടെ വിപുലീകരണവും, കടമക്കുടി ഹൈസ്ക്കൂളും ഇക്കാലത്തുണ്ടായി. ലക്ഷം വീടു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ 100 വീടുകളുടെ പണി തീര്‍ത്തതും ഭവന രഹിത തൊഴിലാളികള്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി 4 സെന്റ് ഭൂമി വിതരണം തുടങ്ങിവെച്ചതും ഇക്കാലത്താണ്.1979-ല്‍ വി.വി.ജോസഫ് മാസ്റ്ററും, 1988-ല്‍ ടി.എ.ജോളിയും നേതൃത്വം നല്‍കിയ ഭരണസമിതിയും പഞ്ചായത്തിന്റെ പുരോഗതിക്കു വേണ്ടി അശ്രാന്തം പരിശ്രമിച്ചു. പഞ്ചായത്തില്‍ ഇന്നു കാണുന്ന വിവിധ കോളനികളുടെ ആവിര്‍ഭാവവും പഞ്ചായത്തിന്റെ പുതിയ കെട്ടിടവും ഈ കാലഘട്ടത്തിലെ നേട്ടങ്ങളാണ്. കടമക്കുടി-വരാപ്പുഴ റോഡ്, തുണ്ടത്തുംകടവ്-ചേന്നൂര്‍-കോതാട്-ചിറ്റൂര്‍ ലിങ്ക് റോഡ്, കടമക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഹൈസ്ക്കൂള്‍, കോതാട് ഹൈസ്കൂള്‍ എന്നിവയും ഇക്കാലത്തുണ്ടായ നേട്ടങ്ങളാണ്. ഓരോ വാര്‍ഡിലും ഇന്നു കാണുന്ന കലുങ്കുകളും, ഇടവഴികളും, വഴി വിളക്കുകള്‍ക്കും, ആവശ്യത്തിന് ജലവിതരണ ടാപ്പുകളും, ബാലവാടികളും, ഫീഡിംഗ് സെന്ററുകളും ആരംഭിക്കുന്നത് ഇക്കാലത്താണ്. ഭവനനിര്‍മ്മാണ പദ്ധതിയും, മണ്ണൊലിപ്പ് തടയുന്നതിന് പുഴയോരങ്ങളില്‍ കരിങ്കല്‍ച്ചിറ കെട്ടി സംരക്ഷിച്ചതും, ചെറിയ കടമക്കുടിയിലെ കോണ്‍ക്രീറ്റ് നടപ്പാലം നിര്‍മ്മിച്ചതും, ടെലിഫോണ്‍ എത്തിയതും ഇന്നലെയുടെ നേട്ടങ്ങളാണ്.1961 വരെ വര്‍ഷാവര്‍ഷങ്ങളില്‍ ക്രമം തെറ്റാതെ പെരിയാറ്റില്‍ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. ആഴ്ചകളോളം ദ്വീപുനിവാസികള്‍ക്ക് വന്‍കരയുമായി ബന്ധപ്പെടുവാന്‍ സാധിക്കാതെ വന്നിരുന്നു. എന്നാല്‍ ജലസംഭരണികളുടെ ആവിര്‍ഭാവത്തോടെ ഇപ്പോള്‍ മലവെള്ളപ്പൊക്കം ഇല്ലാതായിട്ടുണ്ട്.ചെമ്മീനും മറ്റു മത്സ്യസമ്പത്തും ഐസ് ഇട്ട് സംസ്കരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുവാന്‍ തുടങ്ങിയതോടെ കടമക്കുടിയുടെ സമ്പദ്ഘടനയില്‍ പുരോഗതി കണ്ടുതുടങ്ങി. പഞ്ചായത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മൂലക്കല്ലായ വായനശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് 50 വര്‍ഷമായി. കോതാടു പ്രവര്‍ത്തിക്കുന്ന വായനശാല എ ഗ്രേഡാണ്. എണ്ണായിരത്തോളം പുസ്തകങ്ങളും സ്വന്തമായൊരു കെട്ടിടവും ഉണ്ട്. മൂലമ്പിള്ളിയിലും, ചേന്നൂരും ഓരോ വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പഞ്ചായത്തിലെ വിവിധ പള്ളികളും, അമ്പലങ്ങളും, ക്ളബ്ബുകളും ജനങ്ങളുടെ സാംസ്കാരിക നവോത്ഥാനത്തിന് അവരുടേതായ പങ്കു വഹിക്കുന്നുണ്ട്.